10:42pm 10 November 2026
NEWS
ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്​റ്റിൽ
30/07/2025  04:36 PM IST
nila
ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്​റ്റിൽ

ഇരിങ്ങാലക്കുടയിൽ ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്​റ്റിൽ.  വെള്ളാങ്ങല്ലൂർ കരുമാത്ര നൗഫലിന്റെ ഭാര്യ ഫസീലയുടെ മരണവുമായി ബന്ധപ്പെട്ടാണ് നൗഫലിനെയും നൗഫലിന്റെ അമ്മ റംലത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത് ഗർഭിണിയായതിന്റെ പേരിൽ യുവതിയെ ഇവർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോ‌ർട്ടിൽ അടിവയറ്റിൽ ചവിട്ടേറ്റ പാടുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച്ചയാണ് ഭർതൃവീട്ടിലെ ടെറസിൽ ഫസീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷം മുമ്പായിരുന്നു നൗഫൽ ഫസീലയെ വിവാഹം കഴിച്ചത്.  കാർഡ് ബോർഡ് കമ്പനി ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. കഴിഞ്ഞ ദിവസം ഫസീലയും ഭർത്താവും ഭർതൃമാതാവും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടയിലാണ് ഭർത്താവ് യുവതിയെ ഉപദ്രവിച്ചത്. ഇതിൽ മനംനൊന്താണ് യുവതി വീടിന്റെ ടെറസിലെത്തി തൂങ്ങിമരിച്ചത്.

ഇതുകണ്ട നൗഫലും മാതാവും ഫസീലയെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ വിവരം നൗഫൽ ഫസീലയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് യുവതിയുടെ കുടുംബം നൗഫലിനും കുടുംബത്തിനുമെതിരെ പരാതി നൽകുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. യുവതി മരിക്കുന്നതിന് മുൻപ് കുടുംബത്തിനയച്ച സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. നൗഫലിനും മാതാവിനുമെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണക്കു​റ്റം എന്നിവയടക്കമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ഗർഭിണിയായ തന്നെ വയറ്റിൽ ചവിട്ടിയെന്നും നിരന്തരം മർദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്‌ക്കയച്ച വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നത്. ഭർതൃമാതാവ് തെറി വിളിച്ചുവെന്നും അവർ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്. ആത്മഹത്യയ്‌‌ക്ക് പിന്നാലെ പൊലീസിൽ പരാതി നൽകിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ വീട്ടുകാർ വളരെ മോശമായാണ് സംസാരിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img